പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ വെച്ച് നടന്ന ടൂര്‍ണമെന്റില്‍ ആധികാരികമായിട്ടായിരുന്നു കാലിക്കറ്റിന്റെ ജയം. 32-ാം തവണയും കിരീടംനേടി ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ സര്‍വ്വകലാശാല എന്ന ബഹുമതിയും കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്വന്തമാക്കിയിരിക്കുന്നു. ശക്തരായ കേരള, കണ്ണൂര്‍ സര്‍വ്വകലാശാലകളെ പരാജയപ്പെടുത്തിയാണ് കോച്ച് രാജീവന്റെ ശിക്ഷണത്തിലിറങ്ങിയ സംഘം ചാമ്പ്യന്മാരായത്. കേരള ഫുട്ബോളിന്റെ മെക്ക എന്നറിയപ്പെടുന്ന അരീക്കോട് നിന്നും മൂന്ന് താരങ്ങള്‍ ഇക്കുറി ടീമിലുണ്ടായിരുന്നു. മമ്പാട് എം.ഇ.എസ് കോളേജിലെ റഫീഖായിരുന്നു ടീമിന്റെ മാനേജര്‍. "നിലവിലെ അഖിലേന്ത്യാ ചാമ്പ്യന്മാരായ കാലിക്കറ്റിന് ഇക്കുറിയും വിജയം ആവര്‍ത്തിക്കാനാകുമെന്ന്" ടീമിനെ അനുഗമിച്ച് കളിവിലയിരുത്തിയ കാലിക്കറ്റ് സര്‍വ്വകലാശാല കായികവിഭാഗം മുന്‍ ഡയരക്ടര്‍ ഡോ. സക്കീര്‍ ഹുസൈന് അഭിപ്രായപ്പെട്ടു. വിജയികള്‍ക്ക് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സ്വീകരണം നല്‍കും.