മലബാറിലെ ആദ്യ അന്താരാഷ്ട്ര സ്വിമ്മിംഗ്പൂള്‍:
ഉദ്ഘാടനത്തിനൊരുങ്ങി കാലിക്കറ്റ് സര്‍വ്വകലാശാല
കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിര്‍മ്മിക്കുന്ന അന്താരാഷ്ട്ര സ്വിംമ്മിഗ്പൂള് ഉദ്ഘാടനത്തേടടുക്കുന്നു. 50 മീറ്റര്‍ മത്സരപൂളും 25 മീറ്റര്‍ വാം അപ് പൂളുമാണ് പണി പൂര്‍ത്തിയായിരിക്കുന്നത്. മലബാറിലെത്തന്നെ ഏറ്റവും സൗകര്യപ്രഥമായ നീന്തല്ട്രാക്കായിരിക്കും ഇത്. പിന്നെ ഇതുപോലൊരെണ്ണമുള്ളത് തിരുവനന്തപുരത്തുമാത്രം.
2013-14 ലാണ് സ്പെഷ്യല്‍ ഫണ്ടിലുള്‍പ്പെടുത്തി യു.ജി.സി ഇതനുവദിച്ചത്. അന്ന് ഈ ആവശ്യവുമായി ദില്ലിയില്‍ വിദഗ്ധസമിതിയുടെ മുന്നിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ അദ്ധ്യക്ഷന്‍ ഇടയില്‍ കയറി പറഞ്ഞു, "കാലിക്കറ്റിനെക്കുറിച്ച് കൂടുതലൊന്നും വിശദീകരിക്കേണ്ടതില്ല, നിങ്ങളുടെ വിഭവശേഷിയും പ്രതിഭാസമൃദ്ധിയും ഇവിടെ എല്ലാവര്ക്കും നല്ലപോലെ അറിയാം." അനുപമമായ ആഹ്ളാദനിമിഷമായിരുന്നു അതെന്ന് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയരക്ടര്‍ ഡോ. പി. സക്കീര്‍ ഹുസൈന് പറഞ്ഞു. സര്‍വ്വകലാശാലയുടെ തുടക്കംമുതല്‍ തന്നെ കായിക രംഗത്ത് അഖിലേന്ത്യാതലത്തിലും അന്താരാഷ്ട്ര തലത്തിലും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൊയ്തവരാണ് നമ്മുടെ പൂര്‍വ്വികര്‍. ഇന്നും ആ പാതയില്‍ കരുത്തോടെ മുന്നേറാനാകുന്നു എന്നത് ആഹാളാദകരമാണ്. പുതിയ കാലത്ത് പല നേട്ടങ്ങള്‍ക്ക് പിന്നിലും ചുക്കാന്‍ പിടിച്ച സക്കീര്‍ സൂചിപ്പിച്ചു.
അഞ്ച് വര്‍ഷം മുമ്പ് സ്വിമ്മിംഗില്‍ കാലിക്കറ്റ് അഖിലേന്ത്യാ ചാമ്പ്യന്മാരായിരുന്നു. മികച്ച നിലവാരമുള്ള ഈ പദ്ധതിവരുന്നതോടെ ഈ രംഗത്ത് കൂടുതല്‍ ശോഭിക്കാന്‍ നമ്മുടെ കുട്ടികള്‍ക്കാകും എന്നാണ് പ്രതീക്ഷ. കാമ്പസിലെ കുട്ടികള്‍ക്കു മാത്രമല്ല നാട്ടുകാര്‍ക്കും സ്ക്കൂള് കോളേജുകളടക്കമുള്ള പൊതുജനങ്ങള്‍ക്കും ഉപകാരപ്രദമാകുന്ന
രീതിയിലാണ് ഇതിന്റെ ഭാവി പ്രവര്‍ത്തനം വിഭാവനചെയ്യുന്നത്. മലബാറിനാകെ അഭിമാനിക്കാം.
ഒരു തവണ വെള്ളം നിറച്ചാല്‍ ഒരു വര്‍ഷത്തേക്ക് ഉപയോഗിക്കാവുന്ന തരത്തില്‍ ശുദ്ധീകരണ സംവിധാനമുള്ള ആധുനിക രീതിയിലാണ് പൂള് നിര്‍മ്മിച്ചിട്ടുള്ളത്. പൂര്‍ണ്ണമായും മഴസംഭരണത്തെ ആശ്രയിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. ഭൂമിയില്‍നിന്നും വന്‍തോതില്‍ വെള്ളമൂറ്റുമെന്ന ആശങ്ക ലവലേശം വേണ്ടെന്നും സക്കീര്‍ പറഞ്ഞു. യാതൊരുവിധ സൈഡ് ഇഫക്ടുകളുമില്ലാതെ സമ്പൂര്‍ണ്ണ ശാരീരികവ്യായാമം പ്രദാനം ചെയ്യുന്ന അപൂര്‍വ്വ പരിശീലനങ്ങളില്‍ ഒന്നാണ് നീന്തല്‍. ശാരീരിക വ്യായാമത്തിലൂടെ മാനസികോല്ലാസവും നേടിയെടുക്കാനാവും.