മെസ്സിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ കോപയില്കളിക്കുന്ന ടിം അര്‍ജന്റീനയുടെ പ്രതാപകാല ടീമിനെ അപേക്ഷിച്ച് ദുര്‍ബലരാണെങ്കിലും നിലവില്‍ അവര്‍ക്ക് അണിനിരത്താന്‍ പറ്റിയ മികച്ച കോമ്പിനേഷനെയാണ് സ്കലോണി കളിപ്പിക്കുന്നതെന്നകാര്യത്തില് കളിവിദഗ്ധന്മാര്ക്കിടയില് അഭിപ്രായവ്യത്യാസമില്ല. എന്നാല്‍ ബ്രസീലിന്റെ കാര്യത്തില്‍ അതല്ല സ്ഥിതി. അതിലേക്ക് പിന്നീട് വരാം. മെസ്സിക്ക് തന്റെ കരിയറില്‍ അര്‍ജന്റീനക്കായി നേടിക്കൊടുക്കാന്‍ സാധിക്കുന്ന ഒരേയൊരു സാധ്യതയാണ് ഈ കോപ. യൂരോപ്യന് ടീമുകള്‍ ലാറ്റിനമേരിക്കന്ടീമുകളേക്കാള് മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ഒരുകാലത്ത് ഖത്തര്‍ലോകകപ്പ് എന്നത് ആരാധകരുടെ ആഗ്രഹമാണെങ്കിലും അതില്‍ മുത്തമിടാനുള്ള സാധ്യത അര്‍ജന്റീനയെ സംബന്ധിച്ച് വിദൂരസ്വപ്നം മാത്രം. ഇത്തവണത്തെ കോപ അമേരിക്കയുടെ നടത്തിപ്പിനെക്കുറിച്ചുതന്നെ ഇതിനോടകം സംശയങ്ങളും ഊഹോപോഹങ്ങളും ഉയര്‍ന്നുകഴിഞ്ഞു. കൊളംബിയന്‍ താരം ക്വഡ്റാഡോ "ഇത്തവണ അര്‍ജന്റീന ജയിച്ചാലെങ്കിലും എല്ലാവര്‍ഷവും കോപ അമേരിക്ക എന്ന ആശയം ഉപേക്ഷിക്കണമെന്ന്" ഇന്ന് പരസ്യമായി ആവശ്യപ്പെട്ടുകഴിഞ്ഞു.
നെയ്മറുടെ നേതൃത്വത്തിലുള്ള ബ്രസീല്‍ ടിം മികച്ചതാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. എന്നാല്‍ ടൂര്‍ണ്ണമെന്റിലെ ആദ്യ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പ്രതിരോധനിര താരങ്ങളായ എഡര്‍ മിലിത്താവോ, സാന്‍ട്രോ, എമേഴ്സണ്‍ എന്നിവരെ ആദ്യലവനില് ഇറക്കാതെ എന്തുകൊണ്ടാണ് ഏറെ ദൗര്‍ബല്യങ്ങള്‍ പ്രകടിപ്പിക്കുന്ന തിയാഗോ സില്‍വ, ഡാനിലോ തുടങ്ങിയ കളിക്കാരെ അമിതമായി ആശ്രയിക്കുന്നു എന്നത് അത്ഭുതകരമായി തോന്നുന്നു. ബാര്‍സലോണ സ്വന്തമാക്കിയ എമേഴ്സണ്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന റൈറ്റ് വിംഗ് ബാക്ക് കളിക്കാരനാണ്. ഫിസിക്കല്‍ ഫിറ്റ്നസ്സും സ്പീഡും ലോംങ് ബോളുകള്‍ നല്‍കുന്നതോടൊപ്പം ഫോര്വേര്ഡുകള്ക്ക് പന്തെത്തിച്ചു കൊടുക്കുന്നതിലും മിടുക്കനാണ് എമേഴ്സണ്‍. എന്നിട്ടും ബ്രസീലിന്റെ പോസ്റ്റില്‍ ഇതിനോടകം തുളച്ചുകയറിയ രണ്ടു ഗോളുകള്‍ക്കും കാരണക്കാരനായ ഡാനിലോയെ എന്തിനു കളിപ്പിക്കുന്നു എന്നതിന് കേവല പരിചയസമ്പന്നത എന്നതിനപ്പുറം ഒരുത്തരമില്ല. കഴിഞ്ഞ ആറുമാസക്കാലത്തെ ലോകം ശ്രദ്ധിച്ച ഫുടുബോള്‍ മത്സരങ്ങളില്‍ ഏറ്റവും മികച്ച നിലവാരം പുലര്‍ത്തിയ (റയല്‍ മാഡ്രിഡിനായി) സ്റ്റോപ്പര്‍ ബാക്കാണ് മിലിത്താവോ. മികച്ച പോരാളിയായിരുന്നുവെങ്കിലും പ്രായം തളര്‍ത്തിക്കഴിഞ്ഞ കളിക്കാരനാണ് തിയാഗോ സില്‍വ. സില്‍വയെ അമിതമായി ആശ്രയിക്കുന്നത് ഫൈനലില്‍ ബ്രസീലിനു തിരിച്ചടിയാവും എന്നു പ്രവചിച്ചാല്‍ അത് അമിതോക്തിയാവുമെന്നു തോന്നുന്നില്ല. മെസ്സിയുടെ കൂടെക്കളിക്കാന്‍ കിട്ടിയ അവസരങ്ങള്‍ പരമാവധി മുതലെടുത്തും ആസ്വദിച്ചും കളിക്കുകയാണ് അര്‍ജന്റീനയുടെ മറ്റു മുന്നേറ്റതാരങ്ങള്‍. ഈ സാഹചര്യത്തില്‍ ആദ്യം ഗോളടിക്കാനായാല് അവര്‍ക്ക് കോപ ഉയര്‍ത്താനുള്ള സാധ്യത ഏറെയാണ്.