ഞായറാഴ്ച പുലര്‍ച്ചെ ബ്രസീലിലെ ലോകപ്രസിദ്ധമായ മറക്കാന സ്റ്റേഡിയത്തില്‍ നടക്കുന്ന കോപ അമേരിക്ക ഫൈനലില്‍ ഏവരും പ്രതീക്ഷിക്കുന്നതുപോലെ തീപാറുമെന്നുറപ്പ്. ബ്രസീലിനെ നേരിടാനിരിക്കുന്ന അര്‍ജന്റീന നായകന് മെസ്സിക്കു മുന്നില്‍ തിരുത്തിക്കുറിക്കാനുള്ളത് നാണക്കേടുകളുടെ കാല്‍നൂറ്റാണ്ടിന്റെ ചരിത്രം. ബാര്സലോണയ്ക്കുവേണ്ടി ഫുട്ബോളില്‍ സാധ്യമായതെല്ലാം കീഴടക്കിയിട്ടും ജന്മനാടിനുവേണ്ടി ഒരു കപ്പുയര്ത്താനാവാത്തതിന്റെ നാണക്കേടുമായ്ച്ചുകളയാനുള്ള അവസാന അവസരംകൂടിയാണ് മെസ്സിക്കിത്.
കോപയുടെ ചരിത്രത്തില്‍ അര്‍ജന്റീനയും ബ്രസീലും ഇതുവരെ മൂന്നു തവണയാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്.1937, 2004, 2007 മൂന്നു തവണയും തോല്‍വിയായിരുന്നു അര്‍ജന്റീനക്കൊപ്പം. 2007-ല്‍ മറുപടിയില്ലാത്ത മൂന്നു ഗോളിന് ബ്രസീലിനോട് തോല്‍വി ഏറ്റുവാങ്ങുമ്പോള്‍ ആ കൈപ്പുനീരു കുടിക്കാന്‍ ഗ്രൗണ്ടില്‍ മെസ്സിയുമുണ്ടായിരുന്നു.
ഇതുവരെ 107 തവണ പരസ്പരം ഏറ്റുമുട്ടിയതില്‍ 42 തവണ ബ്രസീലും 40 തവണ അര്‍ജന്റീനയും വിജയികളായി. 25 സമനില. നിലവില്‍ ബ്രസീലാണ് രണ്ട് വിജയം കൂടുതലെങ്കിലും മെസ്സി ടീമിലെത്തുന്നതിനുമുമ്പ് അര്‍ജന്റീനക്കായിരുന്നു മുന്‍തൂക്കം. ഈ കോപ ഫൈനലും വരാനിരിക്കുന്ന രണ്ടു ലോകകപ്പ് യോഗ്യതാ മത്സരങ്ങളും ജയിച്ച് ആരാധകരെ തൃപ്തിപ്പെടുത്താനാവും മെസ്സി ലക്ഷ്യമിടുന്നത്.
1993-ലാണ് അര്‍ജന്റീന അവസാനമായി ഒരു പ്രമുഖ ട്രോഫി നേടിയിട്ട്. ഇരുപത്തെട്ടു വര്‍ഷത്തെ കാത്തിരിപ്പിന് അന്ത്യം കുറിക്കാന്‍ സമ്മര്‍ദ്ധങ്ങളെ അതിജീവിക്കാനറിയാത്ത താരം എന്നു സാക്ഷാല്‍ മറഡോണതന്നെ വിമര്‍ശിച്ച മെസ്സിക്കാവുമോ എന്നും കാത്തിരുന്നു കാണാം. ഇപ്പോഴില്ലെങ്കില്‍ ഇനിയെപ്പോള്‍ എന്നു ഉള്ളിലെങ്കിലും കരുതുന്നവരാണ് ആരാധകര്‍. ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരംതേടി എല്ലാ കണ്ണുകളും മറക്കാനയിലേക്ക്.