മെസ്സിയില്‍ ഇനിയും മിശിഹയെ പ്രതീക്ഷിക്കുന്നത് വിഢിത്തം: മറഡോണ
|13 OCT 2018 |10:17 Pm | FOOTBALL |
മെസ്സി മികച്ച കളിക്കാരനാണെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ വന്‍ പരാജയമാണെന്ന് അര്‍ജന്റീനിയന്‍ ഇതിഹാസം ഡീഗോ മറഡോണ. ലോകകപ്പിനുശേഷം അര്‍ജന്റീനയില്‍ വരാതെ നേരെ സ്പെയിനിലേക്കു പോയ മെസ്സി ബാര്സലോണക്കുവേണ്ടി കളിക്കുന്നുണ്ടെങ്കിലും ദേശീയ ടീമില്‍ നിന്നും സ്വയം മാറിനില്‍ക്കുകയാണ്. ലോകകപ്പിനുശേഷം അര്‍ജന്റീന വിജയക്കൊടിനാട്ടിയ മൂന്നു സൈഹൃദമത്സരങ്ങളിലും മെസ്സി കളിച്ചിരുന്നില്ല. പുതിയ കോച്ച് സ്കലോണി മെസ്സി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണെങ്കിലും ഇപ്പോഴത്തെ ടീമില്‍ മെസ്സിയുടെ സാന്നിധ്യംകൊണ്ട് പ്രത്യേകിച്ചെന്തെങ്കിലും ഗുണമുണ്ടാകുമെന്ന അഭിപ്രായക്കാരനല്ല മറഡോണ.
കളി തുടങ്ങും മുമ്പ് ഇരുപതുതവണ ബാത്ത്റൂമില്‍ പോകുന്ന ആത്മവിശ്വാസമില്ലാത്ത ഒരു ക്യാപ്റ്റന്‍ ടീമിനെ നയിക്കാന്‍ യോഗ്യനല്ലെന്നും മെസ്സിയെ സൂചിപ്പിച്ച് ഫോക്സ് സ്പോര്‍ട്സിനോട് മറഡോണ തുറന്നടിച്ചു. അതാദ്യമായല്ല മെസ്സിക്കെതിരെ ഇതിഹാസതാരം ആഞ്ഞടിക്കുന്നത്. മെസ്സിയില്‍ ഇനിയും മിശിഹായെ പ്രതീക്ഷിക്കുന്നത് നാം അവസാനിപ്പിക്കണം. ബാര്‍സയിലെ മെസ്സിയും അര്‍ജന്റീന കുപ്പായത്തിലെ മെസ്സിയും തമ്മില്‍ സമാനതകളില്ലാത്ത അന്തരമുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെപ്പോലെ തന്നെ മെസ്സിയും ലോക നിലവാരമുള്ള ഫുട്ബോളറാണെന്ന് പറയാനും മറഡോണ മറന്നില്ല.