കട്ടൌട്ട് കൾച്ചറിനും താരാരാധനയ്ക്കുമെതിരെ സമസ്ത നേതാവിന്റെ പ്രസ്താവനയിൽ പുതുമയില്ല എന്നുമാത്രമല്ല ഈ വിഷയത്തിൽ സമസ്തയുടെ അഭിപ്രായത്തോട് തത്വത്തിൽ യോജിക്കാത്ത ഏതെങ്കിലും മുസ്ലിം സംഘടന കേരളത്തിലുണ്ടോ? ഇല്ല എന്നു തൊട്ടടുത്ത ദിവസങ്ങളിൽ വെളിപ്പെട്ടു. ശേഷം പോർച്ചുഗലിനെക്കുറിച്ച് പ്രത്യേകം എടുത്തു പറഞ്ഞതിൽ ചില പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. പൊതുനിലപാട് പ്രഖ്യാപിച്ച് തൊട്ടടുത്തനിമിഷം തന്നെ പോർച്ചുഗലിനെ സവിശേഷമായി പറയുമ്പോൾ തൊട്ടുമുന്നെ പ്രഖ്യാപിച്ച പൊതുനിലപാട് അതിന്റെ പൂർണ്ണാർത്ഥത്തിൽ ദുർബലപ്പെട്ടുപോകുന്നുണ്ട്. ഒരു രാജ്യത്തോടുമാത്രമായി ഇത്തരത്തിൽ ഒരു മതനിലപാട് പ്രഖ്യപിക്കാനാകുമോ? പണ്ടുപണ്ടു പോർച്ചുഗീസുകാരും അറബികളും തമ്മിൽ അറബിക്കടലിലും മലബാർതീരങ്ങളിലും വെച്ചുണ്ടായ പരസ്പരയുദ്ധങ്ങളും അതിൽ പോർച്ചുഗീസുകാർ അറബികളെയും അവരെ പിന്തുണച്ചിരുന്ന തദ്ദേശീയരേയും നിർദ്ദാക്ഷിണ്യം കൊന്നൊടുക്കിയിട്ടുണ്ട് എന്നതും ഒരു ചരിത്രയാഥാർത്ഥ്യമാണ്. ചരിത്രബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു തലമുറയെ ഇക്കാര്യം ഈ സന്ദർഭത്തിലെങ്കിലും ഉണർത്തായി എന്ന പോസിറ്റീവ് വശം അതിലുണ്ടെങ്കിലും, ഇവിടെ കൂടത്തായിയുടെ ഉദ്ദേശം ആ ഭൂതകാലചരിത്രത്തെ തോണ്ടിയെടുത്ത് വൈകാരികതലത്തിനു തിരികൊളുത്തുക എന്നതുതന്നെയായിരുന്നു. ലക്ഷ്യത്തിനുവേണ്ടി ഉപയോഗപ്പെടുത്തിയ ഈ മാർഗ്ഗത്തിൽ അപകടം പതിയിരിക്കുന്നുണ്ട്.
ധൂർത്തിനെതിരെ സമസ്തയുടെ നിലപാടിൽ തെറ്റില്ല, കാരണം ഭാവിയിൽ അതവർക്കു തന്നെ പലകാര്യങ്ങളിലും സ്വയം വിമർശനത്തിനുള്ള കണ്ണാടികൂടിയായിത്തീരും. തീരേണ്ടതുണ്ട്. സമ്മേളനങ്ങളുടെ ഭാഗമായി നടത്തുന്ന ധൂർത്തുകളും. എന്തിനേറെ നബിദിനത്തിന്റെ ഭാഗമായിപ്പോലും ചെയ്യുന്ന പലകാര്യങ്ങളും ഇത്തരം ധൂർത്തിന്റെ പരിധിയിൽ വരാതെ സൂക്ഷിക്കേണ്ടിവരും.
ലോകകപ്പ് ഫുട്ബോളിന്റെ ഭാഗമായി കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഈ സമാനതകളില്ലാത്ത ആവേശത്തോട് സമസ്തപോലുള്ള ഒരു മതസംഘടന ഇത്തരത്തിൽ അതിന്റെ നേരത്തെതന്നെയുള്ള നിലപാട് പ്രഖ്യാപിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. അവർ അവരുടെ അംഗങ്ങളെ വിഷയത്തിൽ ഉൽബോധിപ്പിക്കുക എന്ന പണി മാത്രമേ ചെയ്തിട്ടുള്ളൂ. രാഷ്ട്രീയ സംഘടനകളടക്കം എല്ലാ സംഘടനകളും തങ്ങളുടെ ആദർശം ജനവികാരങ്ങൾക്ക് ഭിന്നമായിരിക്കുമ്പോൾ അവരുടെ പിന്തുണ നഷ്ടപ്പെടുമോ എന്നു ഭയന്ന് മൌനം പാലിക്കുകയോ. അല്ലെങ്കിൽ ചെരിപ്പിനനുസരിച്ച് കാല് മുറിച്ച് അനുരഞ്ജനപ്പെടുകയോ ചെയ്യുന്നതാണ് ഈ ഉഗ്ര മുതലാളിത്ത കാലത്ത് കണ്ടുകൊണ്ടിരിക്കുന്നത്. ഈ സന്ദർഭത്തിൽ ഇത്തരം തൊട്ടാൽ പൊള്ളുന്ന ഒരു വിഷയം അതും ധൂർത്തും ആർഭാടവുമായി ബന്ധപ്പെട്ട് പറയാൻ സമസ്തകാണിച്ച ആർജ്ജവത്തെ അഭിനന്ദിക്കുന്നു.
ഇത്തവണത്തെ ലോകകപ്പാരവങ്ങളിലേക്ക് സംഭാവന കൊടുക്കുകുയും സമസ്ത നിലപാടിനുശേഷം അതിൽ കുറ്റബോധം തോന്നുകയോ ഇനിയും കൊടുക്കാനുള്ള സാധ്യതയുമുള്ള ഒരാളുടെ അഭിപ്രായങ്ങളാണിത് എന്നുകൂടി പറയട്ടെ.