ഫുട്ബോളില്‍ ഇന്ത്യന്‍കുട്ടികളുടെ മഹാത്ഭുതം..!
ഫുട്ബോളില്‍ ഇന്ത്യന്‍കുട്ടികളുടെ മഹാത്ഭുതം..!
|
ഇന്ത്യന്‍ ഫുട്ബോളിന് ഇതൊരത്ഭുത ദിനം. സ്പെയിനില്‍ നടക്കുന്ന ഇരുപതുവയസ്സിനു താഴെയുള്ളവരുടെ ക്വാട്ടിഫ് ടൂര്‍ണമെന്റില്‍ സാക്ഷാല്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് ഇന്ത്യ ഫുട്ബോള്‍ ചരിത്രത്തില്‍ ഒരത്ഭുത ഏട് തുന്നിച്ചേര്‍ത്തു. തികച്ചും ആധികാരികമായിരുന്നു ഇന്ത്യയുടെ ജയം.
കളിതുടങ്ങി നാലാം മിനുട്ടില്‍ തന്നെ ഇടതുമൂലയില്‍ നിന്നും നിങ്തോയ്ഗാംബ എടുത്ത കോര്‍ണര്‍കിക്കിന് ചാടിയുയര്‍ന്ന് തലവെച്ച് ദീപക് താംഗ്രി പന്ത് ലക്ഷ്യത്തിലെത്തിച്ചു. മുന്നിട്ടുനിന്ന ആഹ്ളാദവുമായാണ് ഇന്ത്യന്‍ കുട്ടികള്‍ ആദ്യപകുതിക്ക് പിരിഞ്ഞത്. രണ്ടാപകുതിയില്‍ അനികേത് യാദവ് ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തുപോയിട്ടും പത്തുപേരുമായി ഇന്ത്യന്‍ ചുണക്കുട്ടികള്‍ പതറാതെ കളിച്ചു. അതിനു ഫലവുമുണ്ടായി അര്‍ജന്റൈന്‍ ഭാവി താരങ്ങളെ സ്തംബ്ദരാക്കി ഇന്ത്യ വീണ്ടും അവരുടെ സഞ്ചികുലുക്കി. ഇത്തവണ അന്‍വര്‍ അലിയുടെ ക്ലാസിക് ലോംഗ് റേഞ്ച് ഫ്രീകിക്കാണ് ചാട്ടുളി കണക്കെ ഗോളിയെ നിഷ്പ്രഭമാക്കി വലയിലെത്തിയത്. റഹിം അലിയെ ഫൗള്‍ ചെയ്തതിനനുവദിച്ച ഫ്രീകിക്കില്‍ നിന്നാണ് ഒരന്താരാഷ്ട്ര നിലവാരമുള്ള ഈ ഗോള്‍ പിറന്നത്.
രണ്ടുഗോളിനു പിന്നിട്ടുനിന്ന ശേഷവും പൊരുതിക്കളിച്ച അര്‍ജന്റീന ഒരു ഗോള്‍ മടക്കി. കളിയുടെ 56, 61 മിനുട്ടുകളില്‍ ഗോളെന്നുറച്ച രണ്ടവസരങ്ങള്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ പ്രഭൂശ്ഖാന് ഗില്‍ തട്ടിയകറ്റി ബാറിനു കീഴില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരം ജയിച്ചെങ്കിലും ടൂര്‍ണമെന്റില്‍ നിന്നും ഇന്ത്യ പുറത്തായി. 9 പോയന്റുള്ള അര്‍ജന്റീനയാണ് ഗ്രൂപ് ജേതാക്കള്‍. നേരത്തെ ഇന്ത്യ ഗോള്‍രഹിത സമനിലയില്‍ കുരുക്കിയിട്ട വെനിസ്വല 7 പോയന്റുമായി രണ്ടാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് കടന്നിട്ടുണ്ട്. ഗ്രൂപ്പിലെ മറ്റു ടീമുകളായ മുര്സിയയോടും (0-2), മൗറിത്താനിയയോടും (0-3) നേരത്തെ തോറ്റതാണ് ഇന്ത്യയുടെ സെമി സാധ്യതകള്‍ അടച്ചത്.
ഈ ജയം ഫുട്ബോള്‍ ഭൂപടത്തില്‍ ഇന്ത്യക്ക് ഏറെ ശ്രദ്ധനേടാന്‍ ഇടയാക്കുമെന്ന് കോച്ച് ഫ്ളോയ്ഡ് പിന്റോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. "ഫുട്ബോളിന്റെ വിശാലഭൂമികയിലേക്കുള്ള ഒരു വാതിലാണ് നമ്മുടെ മുന്നില്‍ തുറന്നിരിക്കുന്നത്. ഈയവസരം ഉപയോഗപ്പെടുത്തി പുതിയ സാധ്യതകള്‍ തേടാനും സ്വയം വളര്‍ച്ചയുടെ പടവുകള്‍ താണ്ടാനും ഈ യുവ നിരയ്ക്കാകും." പിന്റോ കൂട്ടിച്ചേര്‍ത്തു.
സമീര്‍ കാവാഡ്