ദുരിതമനുഭവിക്കുന്ന കേരളത്തിന് അങ്ങകലെ യൂറോപ്പ്യന്‍ ഫുട്ബോള്‍ ലീഗില്‍ നിന്നും സഹായ വാഗ്ദാനം. ഇറ്റാലിയന്‍ സീരി എയിലെ വമ്പന്‍ ക്ലബ്ലുകളിലൊന്നായ എ.എസ് റോമയാണ് ഈ സീസണില്‍ തങ്ങളുടെ ആദ്യ ഹോംഗ്രൗണ്ട് മാച്ചിലെ അഞ്ച് കളിക്കാര്‍ അണിയുന്ന ജഴ്സി ലൈലം ചെയ്ത് കിട്ടുന്ന തുക പ്രളയപുനരധിവാസ കേരളത്തിനായി നല്കാന് തീരുമാനിച്ചരിക്കുന്നത്. വരുന്ന ചൊവ്വാഴ്ച അര്‍ദ്ധരാത്രി 12 മണിക്കാണ് (ഇന്ത്യന്‍ സമയം) അറ്റ്ലാന്റയ്ക്കെതിരെ റോമയുടെ കളി. ആദ്യമായാണ് ഒരു വിദേശ ഫുട്ബോള്‍ ടിം ഇത്തരത്തില്‍ മുന്നോട്ടു വന്നിരിക്കുന്നത.
ഡനിയേലെ ഡി റോസി, ലോറെന്‍സോ പലെഗ്രീനി തുടങ്ങിയ ഇറ്റാലിയന്‍ കളിക്കാര്‍ക്കു പുറമെ പ്രമുഖ അര്‍ജന്റൈന്‍ താരങ്ങളായ ഫ്രെഡറികോ ഫാസിയോ, ജാവിയര്‍ പസ്തോറെ, ഡീയാഗോ പെറോട്ടി എന്നിവരും നിലവില്‍ റോമയ്ക്കുവേണ്ടിയാണ് കളിക്കുന്നത്. ഹോളണ്ടിന്റെ ഫുട്ബോള്‍ ഇതിഹാസം ക്ലവേര്ട്ടിന്റെ മകന് ജസ്റ്റിന് ക്ലവേര്ട്ടും കൂട്ടത്തിലുണ്ട്. ബ്രസീലിയന്‍ താരങ്ങളായ ഗോള്‍കീപ്പര്‍ ഡാനിയേല്‍, പ്രതിരോധതാരം യുവാന്‍ ജീസസ് എന്നിവരും റോമയിലാണ്. കൂടാതെ സെര്‍ബിയയുടെ കേളറോവ്, ഫ്രാന്‍സിന്റെ സ്റ്റീഫന്‍ എന്‍സോന്‍സി, ക്രൊയേഷ്യയുടെ കോറിച്ച് എന്നിവരും ടീമിലുണ്ട്. മൂന്നു പ്രാവശ്യം ഇറ്റാലിയന്‍ ക്ലബ് കിരീടം നേടിയിട്ടുള്ള റോമ, 2016-17 സീസണിലടക്കം പതിനഞ്ചുതവണ രണ്ടാം സ്ഥാനക്കാരായിട്ടുണ്ട്.
പുതിയ സീസണിലെ ആദ്യ കളിയില്‍ ടോറിനോയെ എവേ മാച്ചില്‍ തോല്‍പ്പിച്ച ആത്മവിശ്വാസവുമായാണ് അറ്റ്ലാന്റയ്ക്കെതിരെ സ്വന്തം ഗ്രൗണ്ടില്‍ റോമ കളിക്കാനിറങ്ങുക. ഫുട്ബോളിനെ ഏറെ സ്നേഹിക്കുന്നവരുടെ നാടാണ് കേരളം എന്നറിഞ്ഞതോടെ മാനേജ്മെന്റിന്റെ തീരുമാനത്തോട് കളിക്കാര്‍ ഏറെ ആദരവ് പ്രകടിപ്പിച്ചിരിക്കുന്നതായി കോച്ച് യുസേബിയോ ഡി ഫ്രാന്‍സിസ്കോ അഭിപ്രായപ്പെട്ടു.
ബാഴ്സലോണ, റിയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടങ്ങിയ ക്ലബ്ബുകള്‍ക്ക് ഏറെ ആരാധകരുള്ള നാടാണ് കേരളം, എന്നാല്‍ ആപത്ത് കാലത്ത് കൂടെ നില്ക്കാന് തികച്ചും അപ്രതീക്ഷിതമായി ഇറ്റലിയില്‍ നിന്നും റോമയെപ്പോലൊരു ടീമെത്തിയത് കേരളത്തിലെ ഫുട്ബോള്‍ പ്രേമികളെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചിരിക്കുന്നത്. എന്തായാലും ഇനി ഇന്ത്യയുടെ എതിരാളികളായി കളിച്ചാല്‍പോലും മലയാളിക്ക് റോമക്കെതിരുനില്ക്കാനാവില്ലെന്നുറപ്പ്. അറിയാനുള്ളത് വേറൊരു കാര്യമാണ് ഈ സഹായം സ്വീകരിക്കാന്‍ കോന്ത്രസര്ക്കാര് അനുവദിക്കുമോ ഇല്ലെയോ എന്നതുമാത്രം.
__________________
സമീര്‍ കാവാഡ്