| 29 Oct 2018 | LALIGA FOOTBALL |
മെസ്സിയില്ലെങ്കിലും എല്‍ക്ലാസിക്കോയില്‍ ഫുട്ബോള്‍ലോകം ജയസാധ്യത കല്പ്പിച്ചിരുന്നത് ബാര്‍സലോണയ്ക്കു തന്നെയായിരുന്നു. എന്നുകരുതി 5-1 എന്ന സ്കോറൊന്നും ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. അതിനു കാരണവുമുണ്ട്. റയലിനെപ്പോലെതന്നെ ബാര്‍സയും കഴിഞ്ഞ ഏതാനും കളികളിലായി തപ്പിത്തടയുകയായിരുന്നല്ലോ. കളിയുടെ ആദ്യ പകുതി ബാര്‍സയുടെ സമ്പൂര്ണ്ണനിയന്ത്രണത്തിലായിരുന്നു. സംഘടിതമായ ഒരു മുന്നേറ്റംപോലും റയലിന്റെ ഭാഗത്തുനിന്നുണ്ടായില്ല. മറുവശത്ത് ബാര്സയാവട്ടെ മെസ്സിയുടെ അഭാവം ഒട്ടും ബാധിക്കാതെ മധ്യനിരയില്‍ നിന്നും കളിമെനയുകയും മുന്നേറ്റനിരയിലേക്ക് അനായാസം പന്തെത്തിക്കുകയും റയല്‍ പ്രതിരോധത്തില്‍ നിരന്തരം ഭീഷണി വിതയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു. അര്‍ഹിക്കുന്നതായിരുന്നു ബാര്‍സ അടിച്ച രണ്ടു ഗോളുകളും. ആല്‍ബയും ആര്‍തറും റാക്കിറ്റിച്ചും മനോഹരമായി പന്തുതട്ടി കാണികളുടെ മനം കവര്‍ന്നു.
മരണം തൊണ്ടക്കുഴിയിലെത്തി എന്നു മനസ്സിലാക്കിയ ലപറ്റെഗി അത്ഭുതകരമായ ചില മാറ്റങ്ങളുമായാണ് രണ്ടാം പതുകിയിലെത്തിയത്. ഫ്രാന്‍സിന്റെ ലോകകപ്പ് ചാമ്പ്യന്‍ വരാനയെ പിന്‍വലിച്ച് ലൂക്കാസ് വാസ്കേസിനെ മധ്യനിരയിലേക്ക് കൊണ്ടുവന്നു പകരം കാസിമിറോയെ മധ്യനിരയില്‍നിന്നും പ്രതിരോധക്കാരനാക്കി അതേസമയം റാമോസിനു കൂടുതല്‍ അറ്റാക്കിംഗ് റോളും നല്കി. അത് ഫലം കണ്ടു മാര്‍സലോയിലൂടെ ഒരു ഗോള്‍ മടക്കി അവര്‍ കളിയിലേക്ക് മടങ്ങിവന്നു. രണ്ടാം പകുതിയുടെ ആദ്യ പതിനഞ്ചു മിനുട്ട് കളി റയലിന്റെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലായിരുന്നു. അതുവരെ കളം നിറഞ്ഞുകളിച്ച് ക്ഷീണിച്ച റഫീഞ്ഞയെയും കൗട്ടീഞ്ഞോയെയും പിന്‍വലിച്ച് സെമഡോ ഡെംബലേ എന്നിവരെ കൊണ്ടുവന്ന് ബാര്‍സ കോച്ച് വല്വര്ദേ റയലില്‍ കളിയുടെ കടിഞ്ഞാണ്‍ തിരിച്ചുപിടിച്ചു. അവസരം മുതലെടുത്ത സുവാരസ് തന്റെ രണ്ടാം ഗോളും ബാര്‍സയുടെ മൂന്നാംഗോളും നേടി. ബെയിലിനു പകരം അസന്‍സിയോയെ ഇറക്കി ലപറ്റേഗി മറുതന്ത്രം ആവിഷ്കരിച്ചെങ്കിലും റാമോസിന്റെ പിഴവ് മുതലെടുത്ത് കൗണ്ടര്‍ അറ്റാക്കിംഗിലൂടെ സുവാരസ് അഡ്വാന്‍സ് ചെയ്തുവന്ന ഗോള്‍കീപ്പര്‍ ക്വര്ട്ടോയുടെ തലയ്ക്ക് മുകളിലൂടെ അതിമനോഹരമായി പന്ത് ചിപ് ചെയ്ത് ഹാട്രിക് തികച്ചതോടെ ലോകം പ്രതീക്ഷിച്ചത് സംഭവിച്ചു, റയലിന്റെ കഥ കഴിഞ്ഞു. കളിയുടെ അവസാന നിമിഷത്തില്‍ ആര്‍തറിനെ മാറ്റി ബാര്‍സ ചൂടന്‍ വിദാലിനെ ഇറക്കി, കളത്തിലിറങ്ങി മൂന്നാം മിനുട്ടില്‍ ഇടതുവശത്തുകൂടെ ഇരച്ചെത്തിയ ഡെംബലയുടെ മനോഹരമായ പന്ത് കലകൊണ്ട് പോസ്റ്റിലേക്ക് ചെത്തിയിട്ട് വിദാല്‍ ലപ്പറ്റേഗിയുടെ കോച്ചിംഗ് കോഫിനില് അവസാനത്തെ ആണിയും അടിച്ചുകയറ്റിയപ്പോള്‍ ഗ്രൗണ്ടില്‍ മക്കളുമൊത്ത് കളികാണുകയായിരുന്ന മെസ്സിക്ക് ചിരിയടക്കാനായില്ല.
ബെയില്‍ ബെന്‍സിമ എന്നീ മുന്നേറ്റതാരങ്ങളുടെ തകര്‍പ്പന്‍ ഫോമില്ലായ്മയാണ് റയലിന്റെ പരാജയത്തില്‍ പ്രധാന കാരണം. പ്രതിരോധത്തില്‍ റയലിന്റെ പോരായ്മകളെല്ലാം ബാര്സയ്ക്കുമുണ്ട് എന്നാല്‍ അവരുടെ മുന്നേറ്റക്കാര്‍ അവസരത്തിനൊത്തുയര്‍ന്ന് ഗോളടിക്കുകയും മധ്യനിര കളിനിയന്ത്രിക്കുകയും ചെയ്തപ്പോള്‍ എത്ര ബോള്‍ കിട്ടിയാലും ഗോളടിക്കാനാവില്ലെന്ന് പിന്നെയും പിന്നെയും മത്സരിച്ചു തെളിയിക്കുകയായിരുന്നു ബെയിലും ബെന്‍സിമയും. മോഡ്രിച്ചും ക്രൂസും വേണ്ടത്ര താളം കണ്ടെത്താത്തതും കളിയെ ബാധിക്കുന്നുണ്ട്. ബാര്‍സയ്ക്ക് ശക്തമായൊരു ബെഞ്ചുണ്ടായിരുന്നപ്പോള് റയലിന് അതില്ലാതെ പോയതും വിമര്‍ശനമായി ഉയര്‍ന്നുവരുന്നുണ്ട്. ടിം മാനേജ്മെന്റിനു താല്പര്യമുണ്ടായിട്ടുപോലും വിനീഷ്യസ് ജൂനിയറിനെപ്പോലെ ലോകം ഉറ്റുനോക്കുന്ന ഒരു കളിക്കാരനെ ടീമിലെടുക്കാതെ എടുത്താല്‍ കളിപ്പിക്കാതെ ലപ്പറ്റേഗി മാറ്റിനിര്ത്തിയതിനെക്കുറിച്ചും വിമര്‍ശനമുയര്‍ന്നു കഴിഞ്ഞു. ഒരു കാര്യം പറയാതെ വയ്യ ക്രിസ്ത്യാനോ റൊണാള്ഡോയ്ക്കപ്പുറം റയല്‍ ടീമില്‍ പരിഹരിക്കപ്പെടേണ്ട പ്രശ്നമേഖലകളുണ്ട്, അല്ലെങ്കില്‍ മെസ്സിയില്ലാത്ത കളിയില്‍ അവരിങ്ങനെ നാണംകെട്ട് തോല്ക്കേണ്ടതായിരുന്നില്ല. കോച്ചിനെ മാറ്റുമെന്ന് ഏതാണ്ട് ഉരപ്പായിട്ടുണ്ട്. ബെയിലും ബെന്‍സിമയും മാറുമോയെന്ന് കാത്തിരുന്നു കാണാം.
അഞ്ച് ബ്രസീലിയന്‍ താരങ്ങളാണ് എല്‍ക്ലാസിക്കോയില്‍ ഇന്നലെ കളിച്ചത്. അതില്‍ മാര്‍സലോയും കൗടീഞ്ഞോയും ഗോളടിക്കുകയും ചെയ്തു. മെസ്സിയില്ലാത്തതിനാല് അര്‍ജന്റൈന്‍ സാന്നിധ്യമില്ലാത്ത എല്‍ക്ലാസിക്കോ. ഏതായാലും സ്പാനിഷ് ലീഗിലെ രസതന്ത്രങ്ങള്‍ മാറുകയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ബാര്‍സ റയല്‍ പോരാട്ടം.