റയലിന്റെ തുടര്‍ തോല്‍വികള്‍:
കാണികള്‍ കൂവുമ്പോഴും കളിക്കാര്‍ കോച്ചിനൊപ്പം
| 7 Oct 2018 | LALIGA FOOTBALL |
ലലീഗയിലങ്ങനെ ഡിപ്പോര്‍ട്ടിവോ അലാവസിനോടും സാക്ഷാല്‍ റയല്‍ മാഡ്രിഡ് തോറ്റു. ക്യാപ്റ്റന്‍ റാമോസ്, ബെയ്ല്, ബെന്‍സിമ, മോഡ്രിച്ച്, ടോണി ക്രൂസ്, കാസിമിറോ, വെറാനെ, അസെന്‍സിയോ തുടങ്ങിയ വമ്പന്മാര് അണിനിരന്നിട്ടും പേരിന് പേരുകേട്ട ഒരാളുപോലുമില്ലാത്ത അലാവസ് നിലവിലെ യുവേഫ ചാമ്പ്യന്മാരെ തോല്‍പ്പിച്ചിരിക്കുന്നു. അതുതന്നെയാണ് ഫുട്ബോളിന്റെ സൗന്ദര്യവും. ലീഗിലിപ്പോള്‍ ഒരു കളി കുറവുകളിച്ച ബാര്‍സയ്ക്കും, റയലിനും, അലാവസിനും 14 പോയന്റ് വീതമാണുള്ളത്. ഗോള്‍ ശരാശരിയില്‍ മാത്രമാണ് അലാവസ് മൂന്നാമത്.
രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷത്തിലായിരുന്നു ആ സുവര്‍ണഗോള്‍. 74-ാം മിനുട്ടില്‍ പകരക്കാരനായിറങ്ങിയ മിഡ്ഫീല്‍ഡര്‍ മനു ഗാര്‍ഷ്യയുടെ വക. ഇടതുവിംഗില്നിന്നും പോസ്റ്റിന്റെ വലതുമൂലയിലേക്ക് താഴ്ന്നുവന്ന കോര്‍ണര്‍കിക്ക് സോബ്രിനോയുടെ തലയിലേക്ക് പാകത്തിനെത്തുന്നു. ലക്ഷ്യത്തിലേക്ക് തന്നെ പായിച്ച ഹെഡര്‍ റയലിന്റെ വലകാത്ത ക്വര്ട്ടോയ്ക്ക് വേണ്ടത്ര ശക്തിയോടെ പഞ്ച് ചെയ്തകറ്റാനായില്ല കയ്യില്‍തട്ടി വലതുമൂലയിലേക്ക് നീങ്ങിയ പന്തിനെ പറന്നുവന്ന മനു ഗാര്‍ഷ്യ തൊട്ടടുത്തുണ്ടായിരുന്ന റാമോസിനവസരം നല്‍കാതെ വലയിലേക്ക് കുത്തിയിടുമ്പോള്‍ പത്തൊമ്പതിനായിരം വരുന്ന അലാവസ് ആരാധകര്‍ക്ക് ആഹ്ലാദത്തിന്റെ അതിമധുരം. കൈകൊണ്ട് സൂര്യനെ മറച്ചുകളയാനാവില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവത്തെ റയല്‍ ഗോള്‍കീപ്പര്‍ നവാസ് ഉപമിച്ചുപറഞ്ഞത് വെറുതെയല്ലെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞു. ആ അഭാവം നികത്താന്‍ ലപറ്റേഗിക്കായിട്ടില്ല. കളിതീര്ന്നപ്പോള് തുടര്‍ച്ചയായി നാലാമത്തെ കളിയിലും ഗോളടിക്കാനാവാതെ മാഡ്രിഡ് സംഘം തലതാഴ്ത്തി മൈതാനം വിട്ടു.
പ്രതിഭകളായ റാമോസ്, വറാനെ, മാര്‍സലോ, മോഡ്രിച്ച്, കാസിമീറോ, ക്രൂസ്, ബെലില്‍, ബെന്‍സിമ എന്നിവര്‍ കളിക്കളത്തില്‍ വിരിയിച്ചെടുത്തിരുന്ന ഭാവനകള്‍ക്ക് കഴിഞ്ഞ കുറേ കാലങ്ങളായി പൂര്‍ണ്ണതയുടെ മാസ്മരിക ടച്ച് നല്‍കിയിരുന്നത് ക്രിസ്റ്റ്യാനോയായിരുന്നു. ലപറ്റേഗിയെ വിമര്‍ശിക്കുന്നതിലും കാര്യമില്ല, കളിക്കൂട്ടിന്റെ പുതിയ രസതന്ത്രം ഉരുവപ്പെടുത്തിയെടുക്കാന് തീര്‍ച്ചയായും സമയമെടുക്കും. ആഡ്രിസോള, മാരിയാനോ ഡയസ്, വിനീഷ്യസ് തുടങ്ങിയ പ്രതിഭാധനരായ യുവതാരങ്ങള്‍ ടീമില്‍ ധാരാളമുണ്ട്. ഈ യുവരക്തത്തെ പേരുകേട്ട പ്രതിഭകളുടെ പെരുമയുമായി വിളക്കിച്ചര്ക്കുന്നതില് വരും ദിവസങ്ങളില്‍ കോച്ചും ടിം മാനേജ്മെന്റും വിജയിക്കുമെന്നു തന്നെയാണ് ലോകമെമ്പാടുമുള്ള റയല്‍ ആരാധകരുടെ പ്രതീക്ഷ. മാഞ്ചസ്റ്ററില്‍ മൗറീഞ്ഞോ അനുഭവിക്കുന്നതുപോലെ കളിക്കാര്ക്കിടയില്പോലുമുള്ള അതൃപ്തി റയലില്‍ ലപറ്റേഗി നേരിടുന്നില്ല എന്നതൊരു വസ്തുതയാണ്. കളികഴിഞ്ഞയുടന്‍ പത്രക്കാര് സമീപിച്ചപ്പോള്‍ റാമോസും വറാനെയും പ്രതികരിച്ചതില്‍ നിന്നും അതു വായിച്ചെടുക്കാം.
റാമോസിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു, "ചിലപ്പോഴെല്ലാം പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ കോച്ചിനെ മാറ്റേണ്ടിവന്നേക്കാം, എന്നാല്‍ ഇവിടെ അത്തരം ഒരു പ്രതിസന്ധിയില്ല. പുതുതായി ചുമതലയേറ്റ ഒരാളാകുമ്പോള്‍ പ്രത്യേകിച്ചും. കളിക്കാരെന്ന നിലയില്‍ ഞങ്ങളേറെ മെച്ചപ്പെടാനുണ്ട്, അക്കാര്യം മറ്റാരേക്കാളും നന്നായറിയാവുന്നതും ഞങ്ങള്‍ക്കു തന്നെയാണ്. അത് ഞങ്ങള്‍ക്കോരോരുത്തര്‍ക്കും അറിയാം. റയലിനെ എഴുതിത്തള്ളുന്നവര്‍ക്ക് തിരുത്തേണ്ടിവരും, ക്ഷമയോടെ കാത്തിരിക്കുക."
"ഗ്രൗണ്ടില്‍ ഏറ്റവും ശക്തമായി അറ്റാക്കിംഗ് നടത്തേണ്ട സന്ദര്‍ഭങ്ങളില്‍ അതിനു സാധിക്കാതെ പോകുന്നു എന്നത് ഒരു പ്രശ്നം തന്നെയാണ്. അതേസയം ക്രിസ്റ്റ്യാനോയുടെ സാന്നിധ്യമോ അസാന്നിധ്യമോ ഇവിടെ വിഷയമേയല്ല. റൊണാള്‍ഡോ ടീമിലുണ്ടായിരുന്ന സമയത്തും ഇത്തരം ഗോള്‍ പ്രതിസന്ധിയിലൂടെ റയല്‍ കടന്നുപോയിട്ടുണ്ടെന്നും റാമോസ് കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ പരിശ്രമിക്കാത്തതുകൊണ്ടാണെന്ന് ചലി ആരാധകരെങ്കിലും കരുതുന്നുണ്ട്, എന്നാല്‍ അത് തെറ്റാണ്. കാരണം ആരാധകരെ തൃപ്തിപ്പെടുത്തണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹുക്കുന്നവരാണ് കളിക്കാര്‍. റയല്‍ അതിന്റെ നല്ല കാലത്തേക്ക് അതിവേഗം തിരിച്ചെത്തുമെന്നും" റയല്‍ ക്യാപ്റ്റന്‍ ആരാധകര്‍ക്ക് ഉറപ്പു നല്കുന്നു.
"അലാവസിനെതിരെ ഞങ്ങള്‍ മോശമായി കളിച്ചു എന്നു പറയുന്നത് ശരിയല്ല. ആത്യന്തികമായി എല്ലാവരും സ്കോര്‍ ഷീറ്റിലേക്കേ നോക്കൂ. മറ്റെല്ലാം വിസ്മരിക്കപ്പെടും. ഞങ്ങള്‍ നിരവധി ചാന്സുകള് സൃഷ്ടിച്ചെടുത്തു. എന്നാല്‍ ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. ഒരേയൊരു തവണ അറ്റാക്കിംഗിനു മുതിര്‍ന്ന എതിരാളികള്‍ക്ക് അതില്‍ വിജയിക്കാനുമായി" എന്നായിരുന്നു ലോകകപ്പ് വിന്നറായ വരാനെയുടെ വിലയിരുത്തല്‍. കോച്ചില്‍ പൂര്‍ണ്ണ തൃപ്തി രേഖപ്പെടുത്താനും അദ്ദേഹം മറന്നില്ല. ഏതായാലും അടുത്ത രണ്ടാഴ്ച അന്താരാഷ്ട്രമത്സരങ്ങള്ക്കുള്ള വിശ്രമവേളയാണ്. അതുകഴിഞ്ഞേ ഇനി റയലിനു കളിയുള്ളൂ. അതുകഴിഞ്ഞുള്ള വരവ് പഴയതിന്റെ തുടര്‍ക്കഥയാകുമോ അതോ പുത്തനുണര്വ്വാകുമോ എന്നത് കാത്തിരുന്നു കാണാം.
സമീര്‍ കാവാഡ്