മാര്‍സലോ വന്‍ ദുരന്തമായി സെവില്ലയോട് തകര്‍ന്നടിഞ്ഞ് റയല്‍ മാഡ്രിഡ്
| 27 Sep 2018 | LALIGA FOOTBALL |
എവര്‍ ബെനേഗ, ആന്ദ്രേ സില്‍വ, ജീസസ് നവാസ് എന്നിവരുടെ മിന്നുന്ന പ്രകടനമാണ് സെവില്ലക്ക് ഏകപക്ഷീയമായ മൂന്നു ഗോളിന്റെ തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. തീരെ ഒത്തൊരുമയില്ലാത്ത പ്രതിരോധവും താളംകണ്ടെത്താനാകാതെപോയ മിന്നേറ്റനിരയും റയലിന്റെ ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ നിരാശപ്പെടുത്തി. റാമോസ്, വെറാനെ, മാര്‍സലോ എന്നീ പേരുകേട്ട പ്രതിരോധവും, ലോകഫുട്ബോളര്‍ മോഡ്രിച്ച്, കാസിമിറോ എന്നിവരടങ്ങിയ മധ്യനിരയും, സാക്ഷാല്‍ ബെയിലും ബെന്‍സിമയും, അസെന്സിയോയുമടങ്ങുന്ന അറ്റാക്കിംഗ് നിരയുമുണ്ടായിട്ടും ഒരു ഗോള്‍പോലും കണ്ടെത്താനായില്ല എന്നത് വരും നാളുകളില്‍ അവരുടെ ആത്മവിശ്വാസത്തത്തന്നെ കെടുത്തിയേക്കാം.
കൗണ്ടററ്റാക്കിംഗിലൂടെ ഗോള്‍ നേടാനുള്ള എളുപ്പവഴിയാണ് റയലിന്റെ ഇടതുവിംഗ് എന്ന് സ്പെയിനിലെ കോച്ചുമാര്‍ക്ക് പ്രത്യേകിച്ചും യൂറോപ്പിലെ ബോസുമാര്‍ക്ക് പൊതുവിലും നന്നായറിയാം. മാര്‍സലോയുടെ പ്രതിരോധപാളിച്ചകളാണ് അതിന്റെ കാരണം.കഴിഞ്ഞ കളിയില്‍ ജിറോണയ്ക്കെതിരെയും ഇന്നലെ സെവില്ലക്കെതിരെയും അത് പ്രത്യക്ഷമായിരുന്നു. മൂന്നില്‍ രണ്ടുഗോളും വന്നത് മാര്‍സലോയുടെ വഴിയിലൂടെയാണ്. മൂന്നാമത്തേത് മാര്‍സലോ ഡ്വലില് പരാജയപ്പെട്ടിടത്തുനിന്നും. മുന്നേറ്റക്കാര്‍ക്ക് പന്തെത്തിച്ചു കൊടുക്കുന്നതില്‍ മിടുക്കനാണ് മാര്‍സലോ, പ്രതിരോധത്തില്‍ വന്‍ പരാജയവും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉപയോഗപ്പെടുത്തിയിരുന്നതുപൊലെ മാര്‍സലോയുടെ പാസുകളെ ഉപയോഗപ്പെടുത്താന്‍ ഇപ്പോഴത്തെ മുന്നേറ്റക്കാര്‍ക്ക് സാധിക്കുന്നില്ല എന്നുകൂടി വരുമ്പോള്‍ തീര്‍ച്ചയായും മാര്‍സലോ റയലിന് ബാധ്യതയായിത്തീരുന്നു എന്നു പറയേണ്ടവരും. കഴിഞ്ഞ രണ്ട് വേള്‍ഡ് കപ്പുകളില്‍ ബ്രസീലിന്റെ പരാജയത്തില്‍ മാര്‍സലോയുടെ പങ്ക് ചെറുതല്ല. ഇത്തവണ അദ്ദേഹത്തിനു പകരം ഫിലിപെ ലൂയിസിനെ ആദ്യ ഇലവനില്‍ ഇറക്കണമെന്ന ആവശ്യംപോലും ബ്രസീലിയന്‍ മാധ്യമങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു.
ഈ സീസണില്‍ സാമാന്യം നല്ല എതിരാളികളോട് കളിച്ചപ്പോഴെല്ലാം തോല്‍വിയോ തോല്‍വിയ്ക്കു സമമായ സമനിലയോ ആയിരുന്നു റയലിന് കിട്ടിയത്. യുവേഫ സൂപ്പര്‍ കപ്പില്‍ അതലറ്റിക്കോ മാഡ്രിഡിനോട് തോറ്റുകൊണ്ടായിരുന്നു സീസണിന് തുടക്കം. ലീഗില്‍ അതലറ്റിക് ക്ലബ്ബിനോട് സമനിലക്കുരുക്കും. ചാമ്പ്യന്‍സ് ലീഗില്‍ സ്വന്തം തട്ടകത്ത് റോമയെ തോല്‍പ്പിച്ചതു മാത്രമാണ് എടുത്തുപറയാവുന്ന നേട്ടം. ലീഗിലെ മറ്റു ജയങ്ങളെല്ലാം ദുര്ബലരോടായിരുന്നു. അടുത്ത കളി അതലറ്റികോ മാഡ്രിഡിനോടാണ്. നിലവിലെ സാഹചര്യത്തില്‍ ഏറെ പ്രധാനപ്പെട്ടൊരു മത്സരം എന്നു പറയാം. വരും ദിവസങ്ങള്‍ പുതിയ കോച്ച് ലപേറ്റിഗിക്ക് നിര്‍ണ്ണായകമാണ്. വിനീഷ്യസ് ജൂനിയറിനെപോലൊരു കളിക്കാരനെ ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്നിട്ട് ഇതുവരെ പകരക്കാരനായിപോലും പരീക്ഷിക്കാത്തതില് കളിവിദഗ്ധരില് നിന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇന്നലെയും വിനീഷ്യസ് ബെഞ്ചിലിരുന്ന് കളികാണുകയായിരുന്നു.
സമീര്‍ കാവാഡ്