ദുര്‍ബലരായ റയല്‍ വല്ലഡോളിഡിനോട് സ്വന്തം കാണികളുടെ മുന്നില്‍ കളിക്കാനിറങ്ങിയ റയല്‍ മാഡ്രിഡിന് അവസാന മിനുട്ടുകളില്‍ നേടിയ ഗോളിലൂടെ ആശ്വാസജയം. ഗോളടിക്കാനാവാതെ നാണംകെട്ട് നില്‍ക്കെയാണ് കളിയുടെ 73-ാം മിനുട്ടില്‍ ബ്രസീലിന്റെ അത്ഭുതബാലന് എന്നറിയപ്പെടുന്ന പതിനെട്ടുകാരന് വിനീഷ്യസ് ജൂനിയറിനെ പുതിയ താല്‍ക്കാലിക കോച്ച് സൊളാരി അസെന്‍സിയോക്ക് പകരക്കാരനായി കളത്തിലിറക്കുന്നത്. ബെയിലും ബെന്‍സിമയും അസെന്‍സിയോയും ഇസ്കോയും ടോണിക്രൂസും കാസിമിറെയും ലോകഫുട്ബോളര്‍ സാക്ഷാല്‍ ലൂക്ക മോഡ്രിച്ചും കിണഞ്ഞുശ്രമിച്ചിട്ടും നടക്കാത്തത് ഒരു കുഞ്ഞനെങ്ങനെ സാധിക്കും എന്നു കരുതിയാവാം കളത്തിലിറങ്ങിയ വിനീഷ്യസിന് ബോസുമാരൊന്നും വേണ്ടത്ര ബോള്‍ കൊടുത്തുകണ്ടില്ല. പത്തുമിനുട്ട് കഴിഞ്ഞ് ബോള്‍ കിട്ടിയതും ഇടതുമൂലയിലേക്ക് പതുക്കെ ബോളുമായി നീങ്ങി വല്ലഡോളിഡ് പ്രതിരോധക്കാരെ മൂലയിലേക്കല്പം ആകര്‍ഷിച്ച് പെട്ടന്നവരെ വെട്ടിച്ച് കുതിച്ച് തൊടുത്തുവിട്ട റണ്ണിംഗ്ഷോട്ട് പ്രതിരോധക്കാരന് കിക്കോയുടെ ദേഹത്ത് തട്ടി ഗോളി മാസിപിനെയും കബളിപ്പിച്ച് വലയിലേക്ക്. അതോടെ സെല്‍ഫ് ഗോളിന് കാരണക്കാരനായ വിനീഷ്യസ് ആരാധകരുടെ ഹൃദയത്തിലേക്കും.
ഒന്നാം പകുതി കഴിഞ്ഞ് റയല്‍ ആദ്യം നടത്തിയ ചെയ്ഞ്ച് വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതായിരുന്നു. നന്നായി കളിച്ചിരുന്ന കാസിമിറോയെ മാറ്റി ഇസ്കോയെ കൊണ്ടുവന്നെങ്കിലും ഇതിനു ഫലമുണ്ടായില്ല എന്നു മാത്രമല്ല റയലിന്റെ പ്രതിരോധത്തില്‍ നിരന്തരം വിള്ളലുകള്‍ വീണുകൊണ്ടിരുന്നു. രണ്ടുതവണ ഗോള്‍ കീപ്പര്‍ ക്വര്ട്ടോയെ മറികടന്ന് ബോള്‍ ബാറിലും പോസ്റ്റിലും തട്ടി റയലിന്റെയും കോച്ച് സോളാരിയുടെയും ജീവന് കാത്തു. വിനീഷ്യസ് നല്കിയ ഊര്‍ജ്ജം കളിക്കാരെ ഉത്തേജിപ്പിച്ചു. അഞ്ച് മിനുട്ട് കഴിഞ്ഞ് വിനീഷ്യസ് നല്കിയ ബോളുമായി ബോക്സിലേക്ക് കുതിച്ച ബെന്‍സിമ പ്രതിരോധക്കാരനെ വെട്ടിച്ച് ഗോളിലേക്ക് കുതിക്കവെ ഫൗള്‍ ചെയ്യപ്പെടുന്നു, യാതൊരു സംശയത്തിനും ഇടനല്‍കാതെ റഫറി പെനാള്‍ട്ടി സ്പോട്ടിലേക്ക് വിരല്‍ചൂണ്ടി. കിക്കെടുത്ത് ക്യാപ്റ്റന്‍ റാമോസിന് ഒട്ടും പിഴച്ചില്ല. സ്കോര്‍ രണ്ട്. പൂജ്യം.ആദ്യ ഇലവനില്‍ ഇടം കിട്ടാതിരുന്ന വിനീഷ്യസിനായി ബോര്ണാമ്പൂ സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ റയല്‍ ആരാധകര്‍ ആദ്യം മതലേ ആര്‍ത്തുവിളിക്കുന്നുണ്ടായിരുന്നു. വിനീഷ്യസ് എന്ന പതിനെട്ടുകാരനില്‍ അവരര്‍പ്പിച്ച വിശ്വാസം വെറുതെയായില്ല.