ജിംഗന്, ഷാക്കിബ്, സക്കീര്‍, അനസ് : പ്രതീരോധവീര്യം പ്രകടിപ്പിച്ച് ബ്ലാസ്റ്റേഴ്സ്
ജിംഗന്, ഷാക്കിബ്, സക്കീര്‍, അനസ് : പ്രതീരോധവീര്യം പ്രകടിപ്പിച്ച് ബ്ലാസ്റ്റേഴ്സ്
|
ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയില്‍ നടന്ന അന്താരാഷ്ട്ര പ്രീ-സീസണ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ സ്പാനിഷ് ലീഗ്, ല-ലീഗയിലെ ജിറോണ ചാമ്പ്യന്മാരായിരിക്കുന്നു. കളിച്ച രണ്ടു കളികളിലും വന്‍ മാര്‍ജിനില്‍ ജയിച്ചാണ് ഇന്ത്യയില്‍ നിന്നാണെങ്കിലും അവര്‍ മടങ്ങുന്നത്. രണ്ട് മത്സരവും തോറ്റെങ്കിലും ബ്ലാസ്റ്റേഴ്സിലെ ഇന്ത്യന്‍ താരങ്ങളെ സംബന്ധിച്ച് എന്തുകൊണ്ടും നേട്ടം തന്നെയായിരിക്കും ഈ ടൂര്‍ണമെന്റില്‍ വിദേശ ക്ലബ്ബുകള്‍ക്കെതിരെ കളിച്ച രണ്ടു മത്സരങ്ങളും. ഓസ്ട്രേല്യന് ക്ലബ്ബായ മെല്‍ബണ്‍ എഫ്.സി ക്കെതിരെ ആദ്യ മത്സരത്തില്‍ നിന്നും വ്യത്യസ്തമായി കുറേക്കൂടി മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് കാഴ്ചവെച്ചത്. ഉഗ്രന്‍ സേവുകളോടെ ഈ കളിയില്‍ അവസരം കിട്ടിയ ഗോള്‍ കീപ്പര്‍ നവീന്‍ കുമാര്‍ തിളങ്ങി. ക്യാപ്റ്റണ് ജിംഗണും, മുഹമ്മദ് റാക്കിബും,അനസും, സക്കീറും തൊണ്ണൂറുമിനുട്ടും പൊരുതിക്കളിച്ചു എന്നു തന്നെവേണം പറയാന്‍. തങ്ങള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലേക്കുയരാന്‍ ആവുമെന്ന പ്രകടനം തന്നെയായിരുന്നു ഇവരില്‍ നിന്ന് പലപ്പോഴും കണ്ടത്. ഇന്നത്തെ കളിയില്‍ കോച്ച് ജെയിംസ് വിദേശ താരങ്ങളെക്കാളേറെ ഇന്ത്യന്‍ കളിക്കാരെ ഇറക്കിയാണ് പരീക്ഷണം നടത്തിയത് എന്നതും എടുത്തുപറയേണ്ടതാണ്. പുതിയ ഐ.എസ്.എല്‍ സീസണില്‍ ഒരു സംശയവും വേണ്ട എതിര് ടീമുകളുടെ പേടിസ്വപ്നമായിരിക്കും ജിംഗണ്, ഷാക്കിബ്, എം.പി. സക്കീര്‍, അനസ് എത്തൊടിക എന്നീ പ്രതിരോധ താരങ്ങള്‍.
സമീര്‍ കാവാഡ്