ലിവര്‍പൂളിന്റെ വലകാക്കാന്‍ ലോകത്തേറ്റവും വിലപിടിപ്പുള്ള കാവല്ക്കാരനെത്തിയിരിക്കുന്നു, ബ്രസീലില്‍ നിന്നുള്ള അലിസ്സണ്‍ ബെക്കര്‍. ഇറ്റാലിയന്‍ ക്ലബ്ബായ റോമയില്‍ നിന്നാണ് കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തിന്റെ മികവില്‍ അലിസ്സന്റെ വരവ്. ബ്രസീലിലെ ഇന്റര്‍നാഷണല്‍ ക്ലബ്ബില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പാണ്അലിസ്സണ് റോമയിലെത്തിയത്. ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞവര്‍ഷം ടീമിലിടം കിട്ടി ആദ്യകളിമുതല്‍ ബാറിനുകീഴില്‍ ഉശിരന്‍ പ്രകടനമാണ് ഈ ഗോള്കീപ്പറില്നിന്നും ലോകം കണ്ടത്. റോമ ഇത്തവണ ഏവരെയും അത്ഭുതപ്പെടുത്തി ചാമ്പ്യന്‍സ് ലീഗിന്റെ സെമിഫൈനലില്വരെ എത്തിയതില്‍ ഈ കൈകള്‍ വഹിച്ച പങ്ക് ചെറുതല്ല. ഇത്തവണ ലോകകപ്പ് തുടങ്ങുമ്പോള്‍ ഏറ്റവും വിലപിടിപ്പുള്ള ഗോള്‍ കീപ്പറായിരുന്നു എഡേഴ്സണ്, എന്നാല്‍ എഡേഴ്സണെ ബെഞ്ചിലിരുത്തി ബ്രസീലിയന്‍ കോച്ച് ടീറ്റെ അലിസ്സണില് വിശ്വാസമര്‍പ്പിച്ചതിന്റെ പിന്നിലും ഈ താടിക്കാരന്റെ മിടുക്കും ചടുലതയും തന്നെയാണ് കാരണം. ടീറ്റെ തന്നിലര്‍പ്പിച്ച വിശ്വാസം അലിസ്സണ്‍ ആവോളം കാത്തു. |
ഗോളടിച്ചുകൂട്ടുകയും പന്തിനെ കാലുകൊണ്ട് അമ്മാനമാട്ടുകയും ചെയ്യുന്ന കളിക്കാര്‍ക്കായിരുന്നു മുമ്പ് ഫുട്ബോള്‍ മാര്‍ക്കറ്റില്‍ ഡിമാന്റ്. ഇവര്‍ വലിയ ഐക്കണുകളായി മാറുകയും പരസ്യലോബികളുടെ കച്ചവടതന്ത്രത്തിന്റെ തണലില്‍ അതൊരു ലാഭവ്യവഹാരമായിയി മാറ്റുകയുമായിരുന്നു പതിവ്. ഈ പതിവില്‍ അടുത്തകാലത്തായി മാറ്റം കണ്ടു തുടങ്ങിയിരിക്കുന്നു. മധ്യനിര താരങ്ങള്‍ക്കായി വന്‍തുക മുടക്കാന്‍ ക്ലബ്ബുകള്‍ തയ്യാറിയിട്ടുണ്ട്. ബാര്‍സ കൗട്ടീഞ്ഞോയെ സ്വന്തമാക്കിയത് ഇതിനു തെളിവാണ്. 75 മില്യണ്‍ (യൂറോ) റെക്കോഡ് തുകയ്ക്ക് വാന്‍ ഡിയ്ക്ക് എന്ന പ്രതിരോധ താരത്തെ ലിവര്‍പൂള്‍ തന്നെ സ്വന്തമാക്കിയത് ഈ അടുത്തിടെയാണല്ലോ, ഫുട്ബോള്‍ ഗ്രൗണ്ടിലെ കുമ്മായവരകളില് ഓരം ചേര്ക്കപ്പെട്ടിരുന്നവര് മുഖ്യധാരയിലേക്ക് കടന്നുവരുന്നത് തീര്‍ച്ചയായും നല്ല വാര്‍ത്തയാണ്.നടത്തിപ്പുകാരം കാണികളും ഇനി കളിയുടെ കൂടുതല്‍ മേഖലകളിലേക്ക് കണ്ണയക്കേണ്ടിവരും എന്നര്‍ത്ഥം.
അങ്ങനെ നോക്കുമ്പോള്‍, എതിരാളിയുടെ ബോക്സ് മാത്രം ലക്ഷ്യം വെച്ച് പണമെറിഞ്ഞിരുന്ന ക്ലബ്ലുകളിപ്പോള് സ്വന്തം ഗോള്വലകാക്കാനും പണവലയെറിഞ്ഞു ആളെപ്പിടിക്കണം എന്ന ബോധ്യത്തിലേക്കെത്തിയിരിക്കുന്നു. ഫുട്ബോള്‍ ഒരിക്കലും ഫോര്‍വേര്‍ഡുകളുടെ മാത്രം കളിയല്ല. എന്നാല്‍ കളിയുടെ കച്ചവടക്കണ്ണുകള്ക്കെന്നും പ്രിയം മുന്നേറ്റക്കാരോടായിരുന്നു. അവര്‍ താല്പര്യപൂര്വ്വം മുതല്‍ മുടക്കിയിരുന്നത് എന്നും മുന്നേറ്റക്കാരിലായിരുന്നു. ഗോള്‍ കീപ്പര്‍ക്കായി മുടക്കിയ നിലവിലെ റെക്കോര്‍ഡ് തുക 33 ദശലക്ഷം യൂറോ ആയിരുന്നെങ്കില്‍ അലിസ്സണിലൂടെ അത് 67 ദശലക്ഷം യൂറോ ആയി ഇരട്ടിച്ചിരിക്കുന്നു. ഗോള്‍ കീപ്പിംഗ് പിഴവുകൊണ്ടുമാത്രം ഇത്തവണ ചാമ്പ്യന്‍ഷിപ് കിരീടം നഷ്ടപ്പെട്ടു എന്നു കരുതുന്നവരാണ് മഹാഭൂരിപക്ഷം ലിവര്‍പൂള്‍ ആരാധകരും ടിം മാനേജ്മെന്റും. കാരിയസിനൊരു പകരക്കാരന് അനിവാര്യമായിരുന്നു അവര്‍ക്ക്. ക്ലബ് ഫുട്ബോള്‍ ചരിത്രത്തിലിന്നുവരെ ഗോള്‍കീപ്പര്‍ക്കായി ഇത്തരമൊരു അനിവാര്യസാഹചര്യം ഉണ്ടായിട്ടില്ല. ആ വലിയ ഡിമാന്റിനാണ് അലിസ്സന്റെ പ്രതിഭ വിലപേശല്‍ വിജയം നേടിയിരിക്കുന്നത്. ലോകത്തെമ്പാടുമുള്ള ഗോള്‍ കീപ്പര്‍മാരുടെ മുതലാളിത്ത കാലത്തെ വ്യക്തിത്വത്തിന്റെ നട്ടെല്ലാണ് അലിസ്സണ്‍ ബെക്കര്‍ എന്ന ബ്രസീലുകാരന് നിവര്‍ത്തി വെച്ചിരിക്കുന്നത്. ഗോള്‍കീപ്പിംഗിന്റെ വഴിയേ ഇനിയും കടന്നുവരുന്നവര്‍ ഇത് വളയാതെ നോക്കണം.സമീര്‍ കാവാഡ്