'ക്ലബ് ഫുട്ബോള്‍ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റിനെ മുള്‍മുനയില്‍ നിര്‍ത്തിയ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ബ്രസീലിയന്‍ യുവതാരം മാല്‍ക്കം സ്പാനിഷ് ലീഗിലേക്ക്. ഫ്രഞ്ച് ക്ലബ്ബായ ബോര്‍ദ്യൂവില്‍ നിന്നാണ് ലോകോത്തര ടീമായ ബാര്‍സലോണ ഈ ഇടംകാലന്‍ അറ്റാക്കിംഗ് വിംഗറെ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ വിവിധ യൂറോപ്യന്‍ ക്ലബുകള്‍ മാല്‍ക്കത്തിന്‍റെ പിന്നാലെ നോട്ടമിട്ട് പറന്നിരുന്നു. |
ജര്‍മ്മന്‍ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിച്ച് മാല്‍ക്കത്തിനായി സ്കൗട്ടിംഗ് ഏജന്‍സിനെ നിയോഗിച്ച വാര്‍ത്ത വന്നത് കഴിഞ്ഞ ഡിസംബര്‍ രണ്ടിനായിരുന്നു. ആ മാസമൊടുവില്‍ ഭാവി നെയ്മറിനെ നോട്ടമിട്ട് മൊറീഞ്ഞോ എന്ന തലക്കെട്ടില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ച് മാല്‍ക്കമിനെ നോട്ടമിടുന്നതായി വാര്‍ത്ത വന്നു. രണ്ടു ദിവസം കഴിഞ്ഞ് ഡിസംബര്‍ 29-ന് ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടനാമിന്‍ 35 മില്യന്‍ യൂറോ ഓഫിര്‍ ബോര്‍ദ്യൂ തള്ളിക്കളഞ്ഞു. തൊട്ടുപിന്നാലെ അര്‍സണലും ഈ ഇരുപതുകാരനു പിന്നാലെക്കൂടി. ആയിടയ്ക്കാണ് ഇന്‍സ്റ്റാഗ്രാമില്‍ താന്‍ ഇംഗ്ലീഷ് പഠിക്കുന്നതിന്‍റെ ചിത്രം മാല്‍ക്കം തന്നെ പോസ്റ്റ് ചെയ്തത്. അതോടെ ഈ ഭാവിതാരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്കെന്ന പ്രചരണങ്ങള്‍ വ്യാപകമായി. ചാമ്പ്യന്‍സ് ലീഗില്‍ മിന്നുന്ന പ്രകടനം കാഴ്ചവെക്കുകയായിരുന്ന ലിവര്‍പൂളും മാല്‍ക്കമിനായി രംഗത്തുവന്നു. ഇതിനിടയില്‍ എവര്‍ട്ടണ്‍, ഫുള്‍ഹാം ടീം മാനേജ്മെന്‍റുകളും ഈ ബ്രസീലുകാരനില്‍ താല്‍പര്യം പ്രകടിപ്പിച്ചു. അതിനിടയില്‍ മാല്‍ക്കം ഇന്‍റര്‍ മിലാനിലേക്കെന്ന സൂചന പരന്നു. ഇന്‍ററിനായി വലന്‍സിയയുടെ ഓഫിര്‍ മാല്‍ക്കം നിരസിച്ചതായി വാര്‍ത്തകള്‍ വന്നു. മാല്‍ക്കം റോമയില്‍ ചേർന്നു എന്ന വാര്‍ത്തയാണ് ഏറ്റവും ഒടുവിലായി പറഞ്ഞുകേട്ടത്. കരാറില്‍ ഒപ്പുവെയ്ക്കുന്നതിനു മുമ്പുതന്നെ ഇരുക്ലബ്ബുകളുടെയും മാനേജ്മെന്‍റുകളുടെ ഭാഗത്തുനിന്നും വാക്കാല്‍ ഡീല്‍ നടന്നതായുള്ള ഔദ്യോഗിക റിപ്പോര്‍ട്ടുകളും വന്നു. മാല്‍ക്കത്തെ വരവേല്‍ക്കാനായി റോമിലെ വിമാനത്താവളത്തില്‍ റോമന്‍ ആരാധകര്‍ തടിച്ചുകൂടി. അതിനിടയിലാണ് കൂടുതല്‍ മികച്ച വാഗ്ദാനവുമായി ബാര്‍സലോണ ചാടിവീഴുന്നത്. ഇതോടെ ഒരു ലേലത്തിനുള്ള സാധ്യത ബോര്‍ദ്യൂ മുന്നോട്ടുവെച്ചു. എന്നാല്‍ ബാര്‍സയുമായി മത്സരിക്കുന്നതിലെ പരിമിധി തിരിച്ചറിഞ്ഞ റോമ ലേലത്തില്‍ നിന്നും പിന്‍വാങ്ങിയതോടെയാണ് എല്ലാ കണക്കുകൂട്ടലുകളും പ്രവചനങ്ങളും തെറ്റിച്ച് മാല്‍ക്കം കറ്റാലന്‍ ക്ലബ്ബിലെത്തിയിരിക്കുന്നത്
|
സമീര്‍ കാവാഡ്