താഴത്തങ്ങാടി ഒഴികെ അനധികൃത മണലെടുപ്പ് വ്യാപകം: അനക്കമില്ലാതെ അധികൃതര്‍
AREECODE, 2018 SEP 4
അരീക്കോട്, ഊര്‍ങ്ങാട്ടിരി, കീഴ്പറമ്പ് പഞ്ചായത്തുകളില്‍ ചാലിയാറിന്റെ ഇരു കരകളിലുമായി അനധികൃത മണലൂറ്റ് വ്യാപകമാകുന്നു. താഴത്തങ്ങാടിയിലെ തൊഴിലാളികള്‍ മാത്രമാണ് ഇതില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവിടെ നിന്നും മണലെടുക്കുന്നില്ല. പ്രളയാനന്തരം വന്നടിഞ്ഞ അല്പം മണല്‍ അവശേഷിക്കുന്ന നദീതീര സംരക്ഷണത്തിന് അനിവാര്യമാണെന്ന ഉറച്ച വിശാല ബോധ്യംതന്നെയാണ് ഈ സ്വയം തീരുമാനത്തിനു പിന്നില്‍. മണല്തൊഴിലാളികളായിരുന്ന ഇവര്‍ ജീവിതം തള്ളിനീക്കാന്‍ ഏറെ കഷ്ടപ്പെടുന്നതിനിടയിലും എടുത്ത ഈ തൂരുമാനം ഏറെ അഭിനന്ദനീയമാണ്.
തൊട്ടടുത്ത പ്രദേശത്തുനിന്നും തോണിയും മറ്റുമായി താഴത്തങ്ങാടിയില്‍ വന്ന് മണലൂറ്റുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഇടപെട്ട് അവരെ തിരിച്ചയച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി പുറമെന്നുള്ളവര് വീണ്ടും വന്ന് മണലെടുക്കുകയും പുഴയുടെ തൊട്ടടുത്ത് താമസിക്കുന്നവരെ തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി നാട്ടുകാര്‍ പറയുന്നു.
ഡി.വൈ.എഫ്.ഐ താഴത്തങ്ങാടി യൂണിറ്റ് കമ്മറ്റി ഇതുമായി ബന്ധപ്പെട്ട് അരീക്കോട് പോലീസില്‍ പരാതി പറഞ്ഞെങ്കിലും, ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അധികാരികളുടെ ഒത്താശയോടെയാണ് ഈ സാമൂഹ്യദ്രോഹം എന്ന സംശയത്തിന് ആക്കം കൂടിയിട്ടുണ്ട്. മുന്‍ കാലങ്ങളില്‍ പോലീസിന്റെ ഭാഗത്തുനിന്നും രാത്രികാല ബോട്ട് പെട്രോളിംഗ് ഉണ്ടായിരുന്നു. അതാണ് ഇത്തരം അനധികൃത പ്രകൃതി ചൂഷണത്തിന് ഒരളവോളം തടയിട്ടത്. രാത്രികാല ബോട്ട് പെട്രോളിംഗ് പുഃനസ്ഥാപിക്കണമെന്ന് ഡി.ഐ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ജിതിന് റാഷിദ്
kavad.in നോട് പറഞ്ഞു.
യുവധാര, വൈ.എം.എ എന്നീ സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തില്‍ പുഴയും തീരവും സംരക്ഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചുവരുന്നതിനിടയിലാണ് മണല്‍ മാഫിയകള്‍ ചാലിയാറിനെ അപകടപ്പെടുത്താനിറങ്ങിത്തിരിച്ചരിക്കുന്നത്. സെപ്റ്റബര്‍ 9 ന് ഞായറാഴ്ച വൈകീട്ട് പള്ളിക്കടവ് മുതല്‍ പാലം വരെ മണല്‍ തീരം വൃത്തിയാക്കാന്‍ യുവധാര, ഡി.വൈ.എഫ്.ഐ സംയുക്ത കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്. ചാലിയാറിനെ സ്നേഹിക്കുന്ന അരീക്കോട്ടുകാരെല്ലാം ഈ സദുദ്വമത്തില് പങ്കാളികളാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
Related News Link :-
അരീക്കോട് പാലവും പരിവസരവും